Friday, 1 July 2011

കൊയ്യാട്ടു കാവിലമ്മ

വൈദേശീയരുടേ ആധിപത്യത്തോടെ കാവുകളും, പല ക്ഷേത്രങ്ങളും നാശോന്മുഖമായിമാറി. ബ്രിട്ടീഷ് ഭരണം വിട്ടൊഴിഞ്ഞ ശേഷം തകര്‍ച്ച നേരിട്ട ചില കാവുകളും ക്ഷേത്രങ്ങളും വീണ്ടും വിശ്വാസികളുടെ ഒട്ടേറെ പരിശ്രമങ്ങളുടെ ഭാഗമായി പുന:സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ കാവുകളില്‍ ഏറെ പ്രാധാന്യം നിറഞ്ഞ ശക്തിചൈതന്യമാണ് ഭദ്രകാളീ പ്രതിഷ്ഠാ കാവുകള്‍. മധ്യകേരളത്തിലെ ആലുവക്കടുത്ത് ഏലൂര്‍ എന്ന ഗ്രാമത്തില്‍ പ്രാചീനകാലം മുതല്‍ക്കേ ഉണ്ടായിരുന്ന ഒരു കാവാണ് കൊയ്യാട്ടു കാവ്.ഭദ്രകാളീ ഭാവമാണ് ദേവിക്കിവിടെ. കൊയ്യാട്ട്, കൊല്ലാട്ട് , കൂടാതെ ചില കുടുംബക്കാരും അവരുടെ ആറു തലമുറകളായി വിശ്വസിച്ചാരാധിയ്ക്കുകയും , കലശം പോലുള്ള പൂജാദി കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് ദേവീശക്തിയെ പ്രീതിപെടുത്തി നിലനിര്‍ത്തിപ്പോന്നിരുന്നതുമായ ഒരു കാവ്. അതി ശക്തി ചൈതന്യമായ കൊയ്യാട്ടു കാവിലമ്മയുടെ അനുഭവങ്ങളാണെങ്കില്‍ പറഞ്ഞാലും, പറഞ്ഞാലും തീരാത്തത്രയുണ്ട്. പക്ഷേ കഴിഞ്ഞ എണ്‍പതു വര്‍ഷങ്ങള്‍ക്കിടക്ക് നടന്ന ചില സംഭവവികാസങ്ങള്‍ ഈ കാവിനെ വിശ്വാസികള്‍ക്ക് നഷ്ടമാവുന്ന സ്ഥിതിവിശേഷത്തിലെത്തിച്ചു.ഏലൂര്‍ ഗ്രാമം നാലു ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട  ഒരു ദ്വീപു പ്രദേശമാണ്. എന്നാല്‍ നഗരാതിര്‍ത്തിക്ക് തൊട്ടുകിടക്കുന്നതിനാലും, പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഘടകമായി വര്‍ത്തിക്കുന്നതിനാലും, വ്യവസായങ്ങള്‍ തുടങ്ങുവാന്‍ വേണ്ടുന്ന അസംസ്കൃതവസ്തുക്കളും, ജലവും വേണ്ട രീതിയില്‍ ലഭ്യമായതിനാലും ഭാരതത്തിലെ പ്രധാന വ്യവസായശാലകള്‍ എലൂരിന്റെ  മണ്ണില്‍ ആരംഭിച്ചു.അതില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നവ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എഫ്.എ.സി.ടി, ടി.സി.സി, ഐ.ആര്‍.ഇ, എച്ച്.ഐ.എല്‍, എന്നിവയും, സ്വകാര്യ മാനേജ്മെന്റുകളായ ഹിന്‍ഡാല്‍ക്കോ, മൂതലായവയുമാണ്. ഇതില്‍ ടി.സി.സി കമ്പനി തങ്ങളുടെ കമ്പനി ആവശ്യങ്ങള്‍ക്കായി ഏലൂര്‍ പാതാളത്ത്  സ്ഥലം ഏറ്റെടുത്തപ്പോള്‍ കൊയ്യാട്ടുകാവിന്റെ സ്ഥലവും നഷ്ടമായി.കൊയ്യാട്ടു കാവിലമ്മയെയും, കൊയ്യാട്ടുകാവിനെയും ആരാധിയ്ക്കുന്ന ഏവരെയും ക്ഷണിക്കുന്നു. നിങ്ങളുടെ അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ ദയവായി എഴുതുക.....